ജനങ്ങളെ ഭിന്നിപ്പിച്ച് അവരിൽ വിദ്വേഷം കുത്തിവയ്ക്കുന്ന ഹിന്ദുത്വ പദ്ധതിയോടൊപ്പം സാമ്പത്തിക ഉദാരവൽക്കരണവും മോദി സർക്കാർ തീവ്രമായി മുമ്പോട്ടു കൊണ്ടുപോവുകയാണ്. സകല മേഖലകളിലും വൻതോതിലുള്ള സ്വകാര്യവൽക്കരണമാണ് രണ്ടാം മോദി സർക്കാർ നടപ്പാക്കുന്നത്. നല്ല ലാഭമുണ്ടാക്കുന്നതും കാര്യക്ഷമമായി പ്രവർത്തിക്കുന്നതുമായ പൊതുമേഖലാ കമ്പനികളെ തുച്ഛവിലയ്ക്ക് കൈമാറുന്ന കാര്യത്തിൽ മുൻ കോൺഗ്രസ് സർക്കാരുകളെ മോദിഭരണം ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്.
സർക്കാരിന്റെ ആസ്തി വിറ്റുതുലയ്ക്കുന്ന നയത്തിനെതിരെ തൊഴിലാളികളിൽനിന്നും ഇടതുപക്ഷ പാർടികളിൽനിന്നും പ്രതിഷേധം ശക്തമാകുന്നതിനിടെ പുതിയ പരിപാടിയുമായി കേന്ദ്രസർക്കാർ രംഗത്തുവന്നിരിക്കയാണ്. പേര് ‘നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ’. ഈ പേരിൽ നിന്ന് എന്താണ് സാധാരണ ജനങ്ങൾക്ക് പിടികിട്ടുക? ആസ്തി സ്വകാര്യമേഖല്‌ക്ക് കൈമാറുന്നതിന് കണ്ടെത്തിയ പദങ്ങളാണിത്. ഇതിൽ സ്വകാര്യവൽക്കരണമോ വിൽപ്പനയോ ഓഹരി കൈമാറ്റമോ ഒന്നുമില്ല. ദേശീയ താൽപ്പര്യത്തിന് പണം സമാഹരിക്കാൻ കണ്ടെത്തിയ ഉപാധിയെന്ന് തോന്നിയേക്കാം. എന്നാൽ ഇത് പച്ചയായ ആസ്തി വിൽപ്പനയാണ്. എൻഎംപിയിലൂടെ നാലുവർഷം കൊണ്ട് ആറ് ലക്ഷം കോടി രൂപ സമാഹരിക്കുമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സർക്കാർ കെട്ടിപ്പടുത്തതെല്ലാം ചുളുവിലയ്ക്ക് കൈമാറുകയാണ്. ഹൈവേ–26,700 കിലോമീറ്റർ, റെയിൽവേ സ്റ്റേഷൻ–400 എണ്ണം, പാസഞ്ചർ ട്രെയിൻ–150 എണ്ണം, മലയോര റെയിൽവേ–4, വൈദ്യുതിലൈൻ– 42,300 സർക്ക്യൂട്ട് കിലോമീറ്റർ, 5000 മെഗാവാട്ടിന്റെ ജല–താപ–കാറ്റാടി വൈദ്യുത നിലയങ്ങൾ, വാതക പൈപ്പ് ലൈൻ–8000 കീ.മീറ്റർ, ഐഒസിയുടെയും എച്ച്പിസിഎല്ലിന്റെയും പൈപ്പ് ലൈൻ –4000 കീ.മീറ്റർ, വിമാനത്താവളങ്ങൾ–21, തുറമുഖങ്ങൾ–31, കൽക്കരി ഖനി പദ്ധതികൾ–160, സ്റ്റേഡിയങ്ങൾ–2– ഇങ്ങനെ പോകുന്നു പട്ടിക.
ഇത് ആസ്തി വിൽപ്പനയോ സ്വകാര്യവൽക്കരണമോ അല്ലെന്നാണ് നിർമല സീതാരാമനും നിതി ആയോഗും വാദിക്കുന്നത്. കാരണം, ഇതിന്റെയൊക്കെ ഉടമാസ്ഥാവകാശം സർക്കാരിൽ തന്നെ നിലനിൽക്കുമത്രെ. നമ്പൂതിരിയുടെ പണപ്പെട്ടി കള്ളൻ കൊണ്ടുപോയ കഥയുണ്ട് . ആശങ്കയും സഹതാപവും പ്രകടിപ്പിച്ചവരോട് നമ്പൂതിരി പറഞ്ഞു: പെട്ടി അവൻ കൊണ്ടുപോകട്ടെ. താക്കോൽ എന്റെ കൈയിലല്ലേ. ഇതാണ് ഉടമസ്ഥാവകാശം സംബന്ധിച്ച സർക്കാർ അവകാശവാദത്തിന്റെയും കഥ.
അടിസ്ഥാന സൗകര്യ വികസന രംഗത്തെ കോർപറേറ്റ് ഭീമൻമാരെ സഹായിക്കുന്നതിന് പ്രത്യേകം മെനഞ്ഞുണ്ടാക്കിയ പദ്ധതിയാണ് എൻഎംപി. ഓഹരി വിൽപ്പനയല്ലാത്തതുകൊണ്ട് ഏറ്റെടുക്കുന്ന സ്വകാര്യകമ്പനിക്ക് ബാധ്യത കുറയും. പൊതു–സ്വകാര്യ പങ്കാളിത്തത്തിൽ ഒട്ടേറെ പശ്ചാത്തല സൗകര്യ വികസന പദ്ധതികൾ ഉണ്ടായിട്ടുണ്ട്. പുതിയ പദ്ധതിയാകുമ്പോൾ സ്വകാര്യ മേഖലയ്ക്ക് നഷ്ടസാധ്യത (റിസ്ക്) ഉണ്ട്. ബിഒടി (ബിൽഡ്, ഓപറേറ്റ്, ട്രാൻസ്ഫർ) മാതൃകയിലും പണം മുടക്കുന്നവർക്ക് നഷ്ടസാധ്യതയുണ്ട്. കാരണം, അവർ ഭൂമി വാങ്ങണം, പദ്ധതി കെട്ടിപ്പൊക്കണം. പ്രവർത്തിപ്പിച്ച് ലാഭത്തിലാക്കണം. പ്രതികൂല ഘടകങ്ങൾ ഏറെ. എല്ലാ പ്രതികൂല ഘടകങ്ങളിൽ നിന്നും നഷ്ടസാധ്യതകളിൽ നിന്നും സ്വന്തക്കാരായ കോർപറേറ്റുകളെ സംരക്ഷിച്ച് അവർക്ക് സർക്കാർ ആസ്തി കൈമാറുന്ന പരിപാടിയാണ് എൻഎംപി. സർക്കാർ നിക്ഷേപത്തിന് കോർപറേറ്റുകൾക്ക് ജനങ്ങൾ യൂസേഴ്സ് ഫീ കൊടുക്കേണ്ട അവസ്ഥയാണ് വരാൻ പോകുന്നത്.
ജനങ്ങളെ ഭിന്നിപ്പിച്ച് അവരിൽ വിദ്വേഷം കുത്തിവയ്ക്കുന്ന ഹിന്ദുത്വ പദ്ധതിയോടൊപ്പം സാമ്പത്തിക ഉദാരവൽക്കരണവും മോദി സർക്കാർ തീവ്രമായി മുമ്പോട്ടു കൊണ്ടുപോവുകയാണ്.
0 Comments