രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന നിരവധി പ്രവർത്തനത്തിന് നേതൃപരമായ പങ്കുവഹിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. കായികരംഗത്ത് ദേശീയതലത്തിൽ തനത് സാന്നിധ്യവും പ്രകടനവും കാഴ്ചവയ്ക്കുകയും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. കേരള രൂപീകരണശേഷം സ്ഥാപിതമായ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും കേണൽ ഗോദവർമരാജയുടെയും നിരന്തരശ്രമം ഇത്തരം നേട്ടത്തിന് പിന്നിലുണ്ടായിരുന്നു. അത്‌ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, നീന്തൽ തുടങ്ങിയ കായിക ഇനങ്ങളിൽ നിരവധി അന്തർദേശീയ താരങ്ങൾ കേരളത്തിന്റെ മാത്രം സംഭാവനയായി ഉദിച്ചുയർന്നിട്ടുണ്ട്. നിലവാരം പുലർത്തുന്ന കളിക്കളങ്ങളുടെ അപര്യാപ്തത ഘട്ടംഘട്ടമായി പരിഹരിച്ചുകൊണ്ട് കായികവകുപ്പ് കൃത്യമായ ഇടപെടൽ നടത്തിവരികയാണ്. മുമ്പ് നഗരങ്ങളിൽ മാത്രം കണ്ടുവരുന്നതും ലഭ്യമാകുന്നതുമായ കായിക സൗകര്യങ്ങൾ ക്രമേണ ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിലൂടെ അറിയപ്പെടാതെ നിൽക്കുന്ന പ്രതിഭകളെ കണ്ടെത്തി മുഖ്യധാരയിൽ എത്തിക്കുന്നതിന് കഴിയുന്നു.
പൊതുജനാരോഗ്യത്തിനും കായികക്ഷമത വർധിപ്പിക്കുന്നതിനും ജനസംഖ്യയുടെയും ജനസാന്ദ്രതയുടെയും അടിസ്ഥാനത്തിൽ ഗ്രാമ, നഗര വ്യത്യാസമെന്യേ അടിസ്ഥാന കായികസംവിധാനങ്ങൾ പുനഃക്രമീകരിക്കണം. ഇതിലൂടെ എല്ലാവിഭാഗം ജനങ്ങളും ഇവയുടെ ഗുണഭോക്താക്കളായി മാറുന്നതിനുള്ള സാധ്യത പരമാവധി ഉറപ്പുവരുത്തണം.
നിലവിൽ 900 കോടിയിലധികം രൂപയുടെ നിർമാണ, നവീകരണ പ്രവർത്തനങ്ങൾ കായികമേഖലയുമായി മാത്രം സംസ്ഥാനത്താകെ നടന്നിട്ടുണ്ട്. ഓരോ പഞ്ചായത്തിലും അത്യാധുനിക സംവിധാനത്തോടുകൂടിയ കളിക്കളം, മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയം എന്നിവ വരുംകാല കായികവികസന പദ്ധതികളുടെ ഭാഗമായി നടപ്പാക്കപ്പെടും.
പ്രീപ്രൈമറി തലംമുതൽ ഓരോ കുട്ടിയും കായികമായി ആർജിച്ചിരിക്കേണ്ട ശേഷികളെയും നൈപുണികളെയും സംബന്ധിച്ച കൃത്യമായ അറിവും അവബോധവും ഉറപ്പുവരുത്തുകയും നേടേണ്ട ഗുണങ്ങളെയെല്ലാം പട്ടികപ്പെടുത്തി ശക്തമായി വിലയിരുത്തുന്ന രീതിയും രൂപപ്പെടുത്തണം. കുട്ടികളെ കായികമേഖലയിലേക്ക് ആകർഷിക്കുന്നതിനായി രക്ഷിതാക്കളിൽ കൃത്യമായ ധാരണയുണ്ടാക്കിയെടുക്കണം. കുട്ടിയുടെ ആജീവനാന്ത നേട്ടങ്ങളുടെ പട്ടികയിൽ വ്യക്തിഗത കായികക്ഷമതയ്ക്ക് പ്രത്യേക പ്രാധാന്യം നൽകണം. കേവലം ഗ്രേസ് മാർക്കിനോ ജോലിക്കോ വേണ്ടി കായികമേഖലയിലേക്ക് കടന്നുവരുന്ന താരങ്ങൾക്ക് ശരിയായ ദിശാബോധം ഉറപ്പുവരുത്തുന്നതിനുള്ള ശ്രമം കൃത്യമായി ഉണ്ടാകണം.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന നിരവധി പ്രവർത്തനത്തിന് നേതൃപരമായ പങ്കുവഹിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. കായികരംഗത്ത് ദേശീയതലത്തിൽ തനത് സാന്നിധ്യവും പ്രകടനവും കാഴ്ചവയ്ക്കുകയും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
0 Comments