article_ട്രിഗർ_ഫിംഗർ_1683467356_7761.jpg
Health

ട്രിഗർ ഫിംഗർ

യാതൊരുവിധ ലാബ് പരിശോധനകളും കൂടാതെ ലക്ഷണങ്ങൾ മാത്രം മനസ്സിലാക്കി രോഗികൾക്ക് സ്വയം തിരിച്ചറിയുവാൻ സാധിക്കുന്ന അവസ്ഥയാണ് ട്രിഗർ ഫിംഗർ


പ്രമേഹം, കഴുത്ത്, തോൾ എന്നിവിടങ്ങളെ ആശ്രയിച്ചും അല്ലാതെയുമുള്ള വാതരോഗങ്ങൾ, തുടർച്ചയായും വിരൾ ബലപ്പിച്ചും ചെയ്യുന്ന ചില ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവരിലാണ് ട്രിഗർ ഫിംഗർ കാണുന്നത്. ഒരു വിരളിനോ തള്ള വിരളിനോ ഒന്നിൽ കൂടുതൽ വിരലുകളിലോ രണ്ട് കയ്യിലുമുള്ള ചില വിരളുകളിലോ ഇത് സംഭവിക്കാം. പ്രത്യേകിച്ചും 40നും 60-നുമിടയ്ക്ക് പ്രായമുള്ള സ്ത്രീകൾക്കാണ് ഈ ബുദ്ധിമുട്ട് കൂടുതൽ ഉണ്ടാകുന്നത്.


രാവിലെ എഴുന്നേൽക്കുമ്പോൾ വിരൾ മടങ്ങിയിരിക്കുന്നതായും, വിരൾ നന്നായി മുറുക്കി ചെയ്യുന്ന ജോലികളിൽ അതിനെ തുടർന്ന് വിരൾ മടങ്ങിയിരുന്ന് പോകുന്നതായും, വിരൾ താനേ നിവർന്നാലോ അല്ലെങ്കിൽ പിടിച്ച് നിവർത്തിയാലോ ബലമുള്ള ഒരു പിടിത്തത്തിൽ നിന്നും മുക്തി കിട്ടുന്നപോലെ വിരൾ പഴയ പൊസിഷനിലേക്ക് ശരിയാകുന്നതായും അനുഭവപ്പെടും. വീണ്ടും ഇത് അന്നോ പിന്നീടോ ആവർത്തിച്ച് സംഭവിക്കാവുന്നതാണ്. 


വിരളിനുള്ളിലെ സ്നായുവിൻ്റെ കട്ടി വർദ്ധിക്കുന്നതാണ് ഇതിൻ്റെ കാരണം. വിരലിലെ സന്ധി ക്രമേണ സ്ഥിരമായി ചലനം കുറയുന്നതായും കുറച്ചു വളയുകയും പെരുപ്പ് അനുഭവപ്പെടുകയും ചെയ്യും. സെർവൈക്കൽ സ്പോണ്ടൈലോസിസ്, കാർപൽ ടണൽ സിൻഡ്രോം എന്നീ രോഗങ്ങൾ ഉള്ളവരിലും പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങളുടെ തീവ്ര അവസ്ഥയിലും ഹൈപ്പോ തൈറോയ്ഡിസം, ക്ഷയ രോഗം, സോറിയാറ്റിക് ആർത്രൈറ്റിസ്, ഗൗട്ട് എന്ന ആർത്രൈറ്റിസ്, റുമറ്റോയിഡ് ആർത്രൈറ്റിസ് രോഗികളിലും ട്രിഗർ ഫിംഗർ ഉണ്ടാകുന്നതായി കാണുന്നു.


സർജറിയാണ് ഏക പോംവഴി എന്ന നിലയിൽ ഇതിൻ്റെ ചികിത്സയ്ക്ക് വിധേയമാകുന്നതിന് മുമ്പ് ആയുർവേദ ചികിത്സയുടെ പ്രയോജനം കൂടി ഉപയോഗപ്പെടുത്തേണ്ടതാണ്. സർജറി ഒഴിവാക്കണമെങ്കിൽ കോർട്ടിക്കോ സ്റ്റിറോയ്ഡ് ഇഞ്ചക്ഷൻ വേണമെന്നും ഡോക്ടർമാർ ഉപദേശിക്കാറുണ്ട്. രോഗകാരണത്തെ നിയന്ത്രണത്തിലാക്കുക, ചൂട് കിട്ടുന്ന വിധമുള്ള ചില തരം കിഴികൾ, വളരെ സുരക്ഷിതവും ഫലപ്രദവുമായ അഗ്നികർമ്മം അഥവാ കോട്ടറൈസേഷൻ, വിരളിലെ സ്റ്റായുവിൻ്റെ വീക്കം കുറയുന്ന ചികിത്സകൾ, വാതശമന ചികിത്സ തുടങ്ങിയ ആയുർവേദ ചികിത്സകൾ ചെയ്ത് നിരവധി രോഗികൾക്ക് നേരത്തേ നിർദ്ദേശിച്ചിട്ടുള്ള സർജറിയും സ്റ്റായുവിൻ്റെ വീക്കം കുറയുവാൻമാത്രം സഹായിക്കുന്ന വിധമുള്ള കോർട്ടിക്കോ സ്റ്റിറോയിഡ് ഇഞ്ചക്ഷനും ഒഴിവാക്കുവാൻ സാധിക്കുന്നുണ്ട്. 


ആവശ്യത്തിന് വിശ്രമം, അതിന് വേണ്ടി സ്പ്ലിൻ്റ് വെച്ച് കെട്ടൽ തുടങ്ങിയവ ചെയ്യുന്നത് പ്രയോജനപ്രദമാണ്. സർജറി ചെയ്ത ശേഷം വീണ്ടും ട്രിഗർ ഫിംഗർ വരുന്നവരും ധാരാളമായി കാണുന്നുണ്ട്. അതു കൊണ്ട് തന്നെ ആയുർവേദ ചികിത്സയുടെ ഫലം മനസ്സിലാക്കാത്തവർ സർജറിക്ക് പകരം എന്ത് ചെയ്യാൻ സാധിക്കുമെന്ന ആശയക്കുഴപ്പത്തിലാണ്.


യാതൊരുവിധ ലാബ് പരിശോധനകളും കൂടാതെ ലക്ഷണങ്ങൾ മാത്രം മനസ്സിലാക്കി രോഗികൾക്ക് സ്വയം തിരിച്ചറിയുവാൻ സാധിക്കുന്ന അവസ്ഥയാണ് ട്രിഗർ ഫിംഗർ. ചില രോഗികളിലെങ്കിലും കാര്യമായ ചികിത്സകൾ ചെയ്യാതെതന്നെ താൽക്കാലികമായി ഇത് മാറാറുണ്ട്. അങ്ങിനെ മാറിയെങ്കിലും വീണ്ടും അത് ഉണ്ടാകുവാനുള്ള സാദ്ധ്യതയുമുണ്ട്. ട്രിഗർ ഫിംഗറിനുള്ള ആയുർവേദ ചികിത്സ എല്ലാ ആയുർവേദ ചികിത്സാ കേന്ദ്രങ്ങളിലും, കൂടാതെ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ സൗജന്യമായും ലഭ്യമാണ്.


ഡോ.ഫൈസൽ ഖാൻ BAMS.

യാതൊരുവിധ ലാബ് പരിശോധനകളും കൂടാതെ ലക്ഷണങ്ങൾ മാത്രം മനസ്സിലാക്കി രോഗികൾക്ക് സ്വയം തിരിച്ചറിയുവാൻ സാധിക്കുന്ന അവസ്ഥയാണ് ട്രിഗർ ഫിംഗർ

0 Comments

Leave a comment