/uploads/news/news_ജെന്‍_റോബോട്ടിക്സിന്‍റെ_ഒരു_കോടിയുടെ_സീഡ..._1780852203_7758.jpg
Technopark

ജെന്‍ റോബോട്ടിക്സിന്‍റെ ഒരു കോടിയുടെ സീഡ് ഫണ്ട് കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് എസ്ട്രോ ടെക് റോബോട്ടിക്സിന്


തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ്‌യുഎം) കീഴിലുള്ള ഡീപ് ടെക് സ്റ്റാര്‍ട്ടപ്പായ എസ്ട്രോ ടെക് റോബോട്ടിക്സിന് ഇന്ത്യയിലെ മുന്‍നിര റോബോട്ടിക്സ് കമ്പനിയായ ജെന്‍ റോബോട്ടിക്സിന്‍റെ ഒരു കോടി രൂപയുടെ സീഡ് ഫണ്ട് ലഭിച്ചു.

റോബോട്ടിക്സ് സാങ്കേതികവിദ്യയിലെ ജെന്‍ റോബോട്ടിക്സിന്‍റെ വൈദഗ്ധ്യവും റോബോട്ടിക്സ്, ഓട്ടോമേഷന്‍, ഇന്‍റലിജന്‍റ് സിസ്റ്റങ്ങള്‍ എന്നിവയിലെ എസ്ട്രോ ടെക്കിന്‍റെ കഴിവുകളും സംയോജിപ്പിക്കാന്‍ ഈ പങ്കാളിത്തം വഴിയൊരുക്കും. കേരളത്തിലെ അതിവേഗം വളരുന്ന ഡീപ്-ടെക് ആവാസവ്യവസ്ഥയുടെ വളര്‍ച്ചയിലെ നാഴികക്കല്ലാകുന്ന നിക്ഷേപങ്ങളില്‍ ഒന്നാണിത്.

വിജയികളായ സംരംഭകര്‍ പുതുതലമുറയിലെ സംരംഭകര്‍ക്ക് നിക്ഷേപത്തിലൂടെ കൈത്താങ്ങ് നൽകുന്നത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ഉയര്‍ന്ന തലത്തിലേക്ക് കടക്കുന്നതിന്‍റെ പ്രതിഫലനമാണെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.

ഇത്തരം സഹകരണങ്ങളിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധനത്തിനൊപ്പം വ്യവസായ വൈദഗ്ധ്യം, മെന്‍റര്‍ഷിപ്പ്, വിപണി അവസരങ്ങള്‍ തുടങ്ങിയവ ലഭ്യമാകും. സംസ്ഥാനത്തെ ഡീപ്-ടെക് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്ട്രോ ടെക്കിന്‍റെ നൂതന സാങ്കേതികവിദ്യകളുടെ വികസനത്തിനും വാണിജ്യവല്‍ക്കരണത്തിനുമായി സീഡ് ഫണ്ട് ഉപയോഗിക്കാനാകും. തൃശൂര്‍ ആസ്ഥാനമാക്കി ഇന്‍ഫോപാര്‍ക്ക് കൊരട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ റോബോട്ടിക്സ് സ്റ്റാര്‍ട്ടപ്പാണ് എസ്ട്രോ ടെക് റോബോട്ടിക്സ്. 2020 ല്‍ പ്രവര്‍ത്തനമാരംഭിച്ച എസ്ട്രോ ടെക്, ഇന്‍-സ്റ്റോര്‍ മാര്‍ക്കറ്റിംഗിനായി റോബോട്ടുകളെ വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

എഞ്ചിനീയറിംഗ് ബിരുദധാരികളായ ക്രിസ്റ്റോ വര്‍ഗീസ്, ക്രിസ്റ്റോ കൊല്ലന്നൂര്‍, രാഹുല്‍ വിന്‍സെന്‍റ്, ബോണ്‍സ്റ്റോ വില്‍സണ്‍ എന്നിവരാണ് എസ്ട്രോ ടെക് റോബോട്ടിക്സിന് പിന്നില്‍.

ഇന്ത്യയിലെ ആദ്യത്തെ യുവി സ്റ്റെറിലൈസിംഗ് റോബോട്ട് വികസിപ്പിച്ച എസ്ട്രോ ടെക് റോബോട്ടിക്സ്, രാജ്യത്തെ ആദ്യ ഇന്‍ററാക്ടീവ് റോബോട്ടിക് ഇന്‍-സ്റ്റോര്‍ പരസ്യ പ്ലാറ്റ് ഫോമായ റോബ്ആഡുമായി റീട്ടെയില്‍ ടെക്നോളജി മേഖലയിലേക്കെത്തി. ഇന്ത്യയിലെ പ്രധാന നഗരങ്ങളെ കൂടാതെ നൈജീരിയ, ബോട്സ്വാന, ഖത്തര്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ അന്താരാഷ്ട്ര വിപണികളിലും ഇവര്‍ സജീവമാണ്.

സമൂഹത്തിലെ വെല്ലുവിളികള്‍ പരിഹരിക്കുന്ന സാങ്കേതിക പരിഹാരങ്ങള്‍ നിര്‍മ്മിക്കുന്നതിലാണ് എസ്ട്രോ ടെക് റോബോട്ടിക്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് എസ്ട്രോ ടെക് റോബോട്ടിക്സിന്‍റെ സഹസ്ഥാപകനായ ക്രിസ്റ്റോ വര്‍ഗീസ് പറഞ്ഞു,

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ആഗോള അംഗീകാരം നേടിക്കൊടുക്കുന്ന സാങ്കേതികവിദ്യകള്‍ രൂപകല്പന ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ ജെന്‍ റോബോട്ടിക്സിന് സാധിച്ചതായി ജെന്‍ റോബോട്ടിക്സ് സിഇഒ വിമല്‍ ഗോവിന്ദ് പറഞ്ഞു. ഇന്ന് അതേ ആവാസവ്യവസ്ഥയില്‍ നിന്ന് ഉയര്‍ന്നുവരുന്ന അടുത്ത തലമുറ ഡീപ്-ടെക് ഇന്നൊവേറ്റര്‍മാരെ പിന്തുണയ്ക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമായി കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോബോട്ടിക്സ് സാങ്കേതികവിദ്യയിലെ ജെന്‍ റോബോട്ടിക്സിന്‍റെ വൈദഗ്ധ്യവും റോബോട്ടിക്സ്, ഓട്ടോമേഷന്‍, ഇന്‍റലിജന്‍റ് സിസ്റ്റങ്ങള്‍ എന്നിവയിലെ എസ്ട്രോ ടെക്കിന്‍റെ കഴിവുകളും സംയോജിപ്പിക്കാന്‍ ഈ പങ്കാളിത്തം വഴിയൊരുക്കും

0 Comments

Leave a comment