ആക്കുളം; തിരുവനന്തപുരം: കാന്‍സര്‍ ഗവേഷണമേഖലയ്ക്ക് ആക്കം കൂട്ടുന്നതിന് ബ്രിക്- ആര്‍ജിസിബി പോലുള്ള സ്ഥാപനങ്ങള്‍ക്ക് സ്വകാര്യ മേഖലയിലെ പങ്കാളികളുമായി സഹകരണം തേടാനാകുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ന്യൂക്ലിയര്‍ മെഡിസിന് മേഖലയെ സര്‍ക്കാര്‍ ഉദാരവല്ക്കരിച്ചതിനാലാണ് ഇത് സാധ്യമാകുന്നത്. ബയോഇ3 (സമ്പദ് വ്യവസ്ഥ, പരിസ്ഥിതി, തൊഴില്‍ എന്നിവയ്ക്കുള്ള ബയോടെക്നോളജി) നയം കേന്ദ്രസര്‍ക്കാറിന്റെ ദീര്‍ഘവീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിക്-ആര്‍ജിസിബിയുടെ ആക്കുളം കാമ്പസില്‍ നടന്ന ശാസ്ത്ര ദിന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആക്കുളം കാമ്പസില്‍ പണികഴിപ്പിച്ച അത്യാധുനിക കറന്റ് ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസ് (സിജിഎംപി) കേന്ദ്രത്തിന് അദ്ദേഹം തറക്കല്ലിട്ടു. റീകോമ്പിനന്റ് സെല്ലുകള്‍ക്കും സെന്‍സറുകള്‍ക്കും വേണ്ടിയുള്ള ദേശീയ കേന്ദ്രത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ബയോടെക്നോളജി മേഖലയിലെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന അത്യാധുനിക കേന്ദ്രമാണിത്.
ന്യൂക്ലിയര്‍ മെഡിസിന് ഗവേഷണത്തില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ധാരാളം സാധ്യതകളുണ്ട്. കഴിഞ്ഞ ഒരു ദശകത്തില്‍ രാജ്യത്ത് എല്ലാ ശാസ്ത്ര മേഖലകള്‍ക്കും പ്രത്യേകിച്ച് ബയോടെക്നോളജി മേഖലയ്ക്ക് വന്‍ തോതിലുള്ള മുന്‍ഗണന ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 'ബയോഇ3 നയം' എന്ന പേരില്‍ പ്രത്യേക ബയോടെക്നോളജി നയം പുറത്തിറക്കാന്‍ മുന്‍കൈയെടുത്ത ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇക്കൊല്ലത്തെ ബജറ്റിലെ ബയോഫാര്‍മ ശക്തി മിഷന്റെ പ്രഖ്യാപനം വിരല്‍ചൂണ്ടുന്നത് ജൈവസാങ്കേതിക വിദ്യയുടെ പ്രാധാന്യത്തിലേക്കാണ്. ഏതൊരു രാജ്യത്തിന്റെയും സമ്പദ് വ്യവസ്ഥയുടെ നിര്‍ണ്ണായക ഘടകങ്ങളായി ഇവ മാറും.
റീകോമ്പിനന്റ് സെല്ലുകള്‍ക്കും സെന്‍സറുകള്‍ക്കും വേണ്ടിയുള്ള പുതിയ ദേശീയ കേന്ദ്രം കാന്‍സര്‍ ചികിത്സയ്ക്ക് സഹായകമാകുന്ന 'സ്പെഷ്യല്‍ എഞ്ചിനീയറിംഗ് കോശങ്ങളുടെ' ലോകത്തിലെ ഏറ്റവും വലിയ ശേഖരങ്ങളിലൊന്നാണിത്. ബയോടെക്നോളജി മേഖലയിലെ ഗവേഷണങ്ങളുടെ വ്യാപ്തിയും ഗുണമേന്മയും കൂട്ടുന്നതിനൊപ്പം അക്കാദമിക് തലത്തിലും സംരംഭകത്വത്തിലും പുത്തന്‍ ആശയങ്ങള്‍ സംഭാവന ചെയ്യാന്‍ ആര്‍ജിസിബിയ്ക്ക് കഴിഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയുള്ള ധാരാളം സംരംഭങ്ങളുടെ ഉദയത്തിന് ഇത് കാരണമായി. മോളിക്യുലാര്‍ ബയോളജി, ഡിസീസ് ബയോളജി, ജീനോമിക്, കാന്‍സര്‍ ഗവേഷണം എന്നിവയില്‍ രാജ്യത്തെ പ്രധാന സ്ഥാപനങ്ങളിലൊന്നായി ആര്‍ജിസിബി മാറിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുസാറ്റിലെ പ്രൊഫ. വി.പി.എന്‍.നമ്പൂരി രചിച്ച 'ക്വാണ്ടം ഫിസിക്സ്: വണ്‍ ഹണ്‍ഡ്രഡ് മാജിക്കല്‍ ഇയേഴ്സ്' എന്ന പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. ബയോടെക്നോളജി വകുപ്പ് സെക്രട്ടറി ഡോ. രാജേഷ് ഗോഖലെ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ബയോഇ3 നയത്തിന്റെ ഭാഗമായി ബയോമാനുഫാക്ചറിങ്ങിലൂടെ സാങ്കേതിക വികസനവും വാണിജ്യവത്ക്കരണവും വേഗത്തിലാകുമെന്ന് ഡോ. രാജേഷ് ഗോഖലെ പറഞ്ഞു. എച്ച്.പി.വി വാക്സിനേഷനെക്കുറിച്ചുള്ള ആര്‍ജിസിബിയിലെ ഗവേഷണങ്ങള്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയിരുന്നു. സാമൂഹിക പ്രസക്തമായ പ്രവര്‍ത്തനങ്ങള്‍ ആര്‍ജിസിബിയുടെ മുഖമുദ്രയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബ്രിക്-ആര്‍ജിസിബിയുടെ ഡിബിടി നോഡല്‍ ഓഫീസര്‍ ഡോ. ജ്യോതി ലോഗാനി സ്വാഗതം ആശംസിച്ചു. കഴിഞ്ഞ 35 വര്‍ഷമായി ദേശീയ ആരോഗ്യ മേഖലയ്ക്ക് മികച്ച സംഭാവനകള്‍ നല്കുന്ന ഒരു മാതൃകാ സ്ഥാപനമായി ബ്രിക-ആര്‍ജിസിബി വേറിട്ടുനില്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സെല്‍ എഞ്ചിനീയറിംഗിലൂടെ റീകോമ്പിനന്റ് സെല്‍ മോഡലുകള്‍ നിര്‍മ്മിക്കാന്‍ റീകോമ്പിനന്റ് സെല്ലുകള്‍ക്കും സെന്‍സറുകള്‍ക്കും വേണ്ടിയുള്ള ദേശീയ കേന്ദ്രത്തിലൂടെ സാധ്യമാകുമെന്ന് ബ്രിക്-ആര്‍ജിസിബി ഡയറക്ടരുടെ ചുമതല വഹിക്കുന്ന ഡോ. ടി.ആര്.സന്തോഷ് കുമാര്‍ പറഞ്ഞു. പുതിയ കേന്ദ്രത്തിലൂടെ കാന്‍സര്‍ പരിശോധനകള്‍ ചെലവ് കുറഞ്ഞ രീതിയില്‍ നടത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിക്-ആര്‍ജിസിബിയിലെ ഡീന്‍ റിസര്‍ച്ച് അഡ്മിനിസ്ട്രേഷന് ഡോ. ആശ നായര്‍ നന്ദി പറഞ്ഞു.
റീകോമ്പിനന്റ് സെല്ലുകള്‍ക്കും സെന്സറുകള്ക്കുമുള്ള ദേശീയകേന്ദ്രം ഉദ്ഘാടനം ചെയ്തു





0 Comments