തിരുവനന്തപുരം: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന റോബോട്ടിക്സ്-ഡീപ്-ടെക് കമ്പനിയായ ജെന്‍ റോബോട്ടിക്സ്, ദക്ഷിണാഫ്രിക്കയിലെ സര്‍ക്കാര്‍ സ്ഥാപനമായ ആംസ്കോറുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ദക്ഷിണാഫ്രിക്കന്‍ പ്രതിരോധ വകുപ്പിനാവശ്യമായ ഉത്പന്നങ്ങള്‍ നൽകുന്ന സര്‍ക്കാര്‍ സ്ഥാപനമാണ് ആംസ്കോര്‍. പ്രതിരോധം, ബഹിരാകാശം, ഉപഗ്രഹം, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലെ സഹകരണം ഉദ്ദേശിച്ചാണ് കരാർ.

പ്രിറ്റോറിയയില്‍ നടന്ന ചടങ്ങില്‍ ആംസ്കോര്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അഡ്വ. സൊലോംസി പി.എംബാഡയും ജെന്‍ റോബോട്ടിക്സ് സിഇഒ വിമല്‍ ഗോവിന്ദ് എം.കെയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ജെന്‍ റോബോട്ടിക്സിന്റെ ദക്ഷിണാഫ്രിക്കന്‍ സ്ഥാപനമായ ജെന്‍ റോബോട്ടിക്സ് ആഫ്രിക്ക ലിമിറ്റഡ് വഴിയാണ് കരാര്‍ നടപ്പാക്കുന്നത്.
പ്രതിരോധ-സിവിലിയന്‍ ആവശ്യങ്ങള്‍ക്കായി റോബോട്ടിക്സ് സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയും വാണിജ്യവത്കരിക്കുകയും ചെയ്യുന്നതിനുള്ള സാധ്യതകള്‍ ഇരുസ്ഥാപനങ്ങളും പരിശോധിച്ച് സംയുക്തമായാണ് വികസിപ്പിക്കുന്നത്. ഇതിന് പ്രാപ്തമാക്കുന്ന ചട്ടക്കൂടാണ് ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, സതേണ്‍ ആഫ്രിക്കന്‍ ഡെവലപ്മെന്റ് കമ്മ്യൂണിറ്റി (എസ്എഡിസി), ആഫ്രിക്കന്‍ വിപണി, മറ്റ് രാജ്യാന്തര വിപണികള്‍ എന്നിവിടങ്ങളിലേക്കും സഹകരണം വ്യാപിപ്പിക്കും.

ദക്ഷിണാഫ്രിക്കയുടെ ബഹിരാകാശ, ഉപഗ്രഹ ശേഷികള്‍ ശക്തിപ്പെടുത്തുന്നതിനും പ്രതിരോധ, വാണിജ്യ മേഖലകളില്‍ ഒരുപോലെ ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനുമുള്ള ആംസ്കോറിന്റെ ലക്ഷ്യങ്ങള്‍ക്ക് ഈ സഹകരണം കരുത്ത് പകരും.
സ്പേസ്-ഗ്രേഡ് റോബോട്ടിക് ആമുകളും സ്വയം പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്ന ജെന്‍ റോബോട്ടിക്സിന്റെ പ്രതിരോധ, ബഹിരാകാശ, റോബോട്ടിക്സ് പദ്ധതികള്‍ക്ക് ധാരണാപത്രം കൂടുതല്‍ സാധ്യതകള്‍ തുറക്കും. ദക്ഷിണാഫ്രിക്കയിലും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മറ്റ് വിപണികളിലും തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനും അവ വിപണിയിലെത്തിക്കുന്നതിനുമുള്ള അവസരങ്ങള്‍ ഇതിലൂടെ ജെന്‍ റോബോട്ടിക്സിന് കൈവരും.
ദക്ഷിണാഫ്രിക്കയ്ക്കായി വിശ്വസ്തവും സ്വതന്ത്രവും ആഗോളതലത്തില്‍ ബന്ധിക്കപ്പെട്ടതുമായ ബഹിരാകാശ, ഉപഗ്രഹശേഷി വികസിപ്പിക്കാനുള്ള ആംസ്കോറിന്റെ പരിശ്രമങ്ങളാണ് ധാരണാപത്രം വ്യക്തമാക്കുന്നത്. ജെന്‍ റോബോട്ടിക്സിനെ പോലുള്ള ഡീപ്-ടെക് കമ്പനികളുമായുള്ള സഹകരണത്തിലൂടെ പ്രതിരോധ ശേഷി ശക്തമാക്കുന്നതിനൊപ്പം പുതിയ വാണിജ്യ സാധ്യതകളും തുറക്കാനാകുമെന്ന് അഡ്വ. സൊലോംസി പി.എംബാഡ പറഞ്ഞു.
പ്രതിരോധ, ബഹിരാകാശ മേഖലകളിലെ ജെന്‍ റോബോട്ടിക്സിന്റെ വളര്‍ച്ചയിലെ സുപ്രധാന ചുവടുവയ്പാണ് ഈ പങ്കാളിത്തമെന്ന് വിമല്‍ ഗോവിന്ദ് വ്യക്തമാക്കി. ആംസ്കോറുമായുള്ള സഹകരണത്തിലൂടെ ദക്ഷിണാഫ്രിക്കയുടെ പ്രതിരോധ, ബഹിരാകാശ മേഖലയില്‍ തങ്ങളുടെ റോബോട്ടിക്സ് സാങ്കേതികവിദ്യകള്‍ എത്തിക്കുന്നതിനും ആഫ്രിക്കന്‍ വിപണിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ ധാരണാപത്രം ജെന്‍ റോബോട്ടിക്സ് ആഫ്രിക്കയെ സംബന്ധിച്ച് വളരെ സുപ്രധാനമാണെന്ന് ജെന്‍ റോബോട്ടിക്സ് ദക്ഷിണാഫ്രിക്ക ഡയറക്ടര്‍ അംബാസഡര്‍ ജസ്റ്റിസ് പിറ്റ് സോ പറഞ്ഞു. ദക്ഷിണാഫ്രിക്കയിലും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മറ്റ് മേഖലകളിലും പ്രായോഗിക റോബോട്ടിക്സ് സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിന് ആംസ്കോറുമായുള്ള സഹകരണം സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദക്ഷിണാഫ്രിക്കയുടെ ബഹിരാകാശ, ഉപഗ്രഹ ശേഷികള്‍ ശക്തിപ്പെടുത്തുന്നതിനും പ്രതിരോധ, വാണിജ്യ മേഖലകളില്‍ ഒരുപോലെ ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനുമുള്ള ആംസ്കോറിന്റെ ലക്ഷ്യങ്ങള്‍ക്ക് ഈ സഹകരണം കരുത്ത് പകരും





0 Comments