/uploads/news/news_അറിവിന്റെയും_ആനന്ദത്തിന്റെയും_വർണ്ണപ്പകി..._1788159225_3904.jpg
Events

അറിവിന്റെയും ആനന്ദത്തിന്റെയും വർണ്ണപ്പകിട്ടോടെ 'കുട്ടികളുടെ അവധിക്കാല സംഗമം'


വലിയതുറ; തിരുവനന്തപുരം: വേനലവധിയുടെ വിരസത മാറ്റിവെച്ച് അറിവിന്റെയും സർഗ്ഗാത്മകതയുടെയും വസന്തമൊരുക്കി വലിയതുറ തോമസ് കോച്ചേരി റിസോഴ്സ് സെന്റർ (ടി.കെ.ആർ.സി) സംഘടിപ്പിച്ച കുട്ടികളുടെ അവധിക്കാല ക്യാമ്പിന് അവിസ്മരണീയമായ സമാപനം. കുട്ടികളുടെ കളിയാരവങ്ങളും ജിജ്ഞാസ - സൗഹൃദത്തിന്റെ വലിയ സന്ദേശം പകർന്നു നൽകിയുമാണ് ഈ പഠനകളരിക്ക് തിരശ്ശീല വീണത്.

കുട്ടികളിലെ, സുഷുപ്തമായിരിക്കുന്ന കഴിവുകളെ തൊട്ടുണർത്താനും, പ്രകൃതിയോടും സഹജീവികളോടും താദാത്മ്യം പ്രാപിക്കുന്ന സാഹോദര്യ ബോധം വളർത്താനുമാണ് ക്യാമ്പ് ലക്ഷ്യമിട്ടത്. 

പുസ്തകത്താളുകൾക്കപ്പുറം തങ്ങൾ ജീവിക്കുന്ന മണ്ണിലെ ഭൂപ്രകൃതിയെയും കടലറിവിനേയും കുറിച്ചുള്ള ആഴത്തിലുള്ള ബോധവൽക്കരണം കുരുന്നുകളിൽ ജിജ്ഞാസയുണർത്തി. പരമ്പരാഗത ബോധനരീതികൾക്ക് പകരം നാടൻ പാട്ടുകളിലൂടെയും കളികളിലൂടെയും സർഗ്ഗാത്മക പ്രവർത്തനങ്ങളിലൂടെയും അറിവുകൾ പകർന്നു നൽകിയത് കുട്ടികൾക്ക് പുതിയൊരു അനുഭവമായി.

വൈവിധ്യമാർന്ന വിഷയങ്ങളിൽ പ്രഗത്ഭർ നയിച്ച സെഷനുകൾ ക്യാമ്പിന് മാറ്റുകൂട്ടി. 'കടലറിവുകൾ' എന്ന വിഷയത്തിൽ വിപിൻ ദാസും, 'ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം' എന്ന വിഷയത്തിൽ മേരി ഹിൽഡയും, അടിയന്തര ഘട്ടങ്ങളെ ധീരമായി നേരിടാനുള്ള 'ആത്മരക്ഷാ പരിശീലനം (സെൽഫ് ഡിഫൻസ്)' എന്ന വിഷയത്തിൽ എബിൻ രാജ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

ക്യാമ്പിന്റെ കൃത്യതയാർന്ന നടത്തിപ്പിന് ടി.കെ.ആർ.സി കോർഡിനേറ്റർ ലിമ സുനിൽ, ടി.കെ.ആർ.സി ട്രെയ്നിങ് കോർഡിനേറ്റർ റോക്കി രാജു, ബേബി മേഴ്സി എന്നിവർ നേതൃത്വം നൽകി. സിസ്റ്റർ മേഴ്സി മാത്യു, മജു വർഗീസ് എന്നിവരുടെ സാന്നിധ്യം പ്രൗഢിയേകി. കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും മാനസിക വളർച്ചയ്ക്കും ഉതകുന്ന ഇത്തരം മാതൃകാപരമായ തുടർ പരിപാടികൾ വരുംനാളുകളിലും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പുസ്തകത്താളുകൾക്കപ്പുറം തങ്ങൾ ജീവിക്കുന്ന മണ്ണിലെ ഭൂപ്രകൃതിയെയും കടലറിവിനേയും കുറിച്ചുള്ള ആഴത്തിലുള്ള ബോധവൽക്കരണം കുരുന്നുകളിൽ ജിജ്ഞാസയുണർത്തി

0 Comments

Leave a comment