/uploads/news/news_വിനു_മങ്കാദ്_ട്രോഫിയിൽ_വിജയത്തുടക്കമിട്ട..._1791467955_7782.jpg
SPORTS

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം


ലഖ്നൗ: പുതിയ സീസൺ കേരള അണ്ടർ 19 ടീം വിജയത്തോടെ തുടക്കമിട്ടു. വിനു മങ്കാദ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഉത്തരാഖണ്ഡിനെ 16 റൺസിനാണ് കേരളം തോൽപ്പിച്ചത്. മഴ മൂലം 41 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 316 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉത്തരാഖണ്ഡ് 40.5 ഓവറിൽ 300 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഓപ്പണർ കെ.ആർ.രോഹിതിന്റെ തകർപ്പൻ സെഞ്ച്വറിയും ആദർശ് രഞ്ജിത്തിന്റെ അഞ്ച് വിക്കറ്റ് നേട്ടവുമാണ് കേരളത്തിന് വിജയം ഒരുക്കിയത്.

കേരളം 41 ഓവറിൽ 316/7, ഉത്തരാഖണ്ഡ് - 40.5 ഓവറിൽ 300ന് ഓൾ ഔട്ട്

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർമാർ തകർപ്പൻ തുടക്കമാണ് നൽകിയത്. കെ.ആർ.രോഹിതും അഹ്മദ് ഖാനും ചേർന്ന് 6.1 ഓവറിൽ 75 റൺസാണ് കൂട്ടിച്ചേർത്തത്. അഹ്മദിന്റെ ഇന്നിങ്സ് 18ൽ ഒതുങ്ങിയപ്പോൾ സ്കോറിങ്ങിന്റെ മുക്കാൽ പങ്കും പിറന്നത് രോഹിതിന്റെ ബാറ്റിൽ നിന്നായിരുന്നു. 28 പന്തുകളിൽ അൻപതിലെത്തിയ രോഹിത് 70 പന്തുകളിൽ നിന്ന് തന്റെ സെഞ്ച്വറിയും പൂർത്തിയാക്കി. ക്യാപ്റ്റൻ എൻ.ഹൃഷികേശ് 35 റൺസുമായി രോഹിതിന് മികച്ച പിന്തുണ നൽകി. 84 പന്തുകളിൽ ഒൻപത് ഫോറും ഒൻപത് സിക്സുമടക്കം 123 റൺസാണ് രോഹിത് നേടിയത്. തുടർന്നെത്തിയ മാനവ് കൃഷ്ണ 32 പന്തുകളിൽ നിന്ന് 42 റൺസും സംഗീത് സാഗർ 24 പന്തുകളിൽ നിന്ന് 34 റൺസും നേടി. ഉത്തരാഖണ്ഡിന് വേണ്ടി വിനായക് മൂന്നും സമ്രാട് ശർമ്മ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉത്തരാഖണ്ഡിനെ ആദർശ് രഞ്ജിത്തിന്റെ തകർപ്പൻ ബൗളിങ്ങാണ് പിടിച്ചുകെട്ടിയത്. ക്യാപ്റ്റൻ ആയുഷ് ദേസ്വാളിന്റെ അർധസെഞ്ച്വറിയുടെ മികവിൽ ഭേദപ്പെട്ട തുടക്കമായിരുന്നു ഉത്തരാഖണ്ഡിന്റേത്. എന്നാൽ 65 റൺസെടുത്ത ആയുഷ് പുറത്തായതോടെ വിക്കറ്റുകൾ തുടരെ വീണു. ഒരു ഘട്ടത്തിൽ ആറ് വിക്കറ്റിന് 166 റൺസെന്ന നിലയിലായിരുന്ന ഉത്തരാഖണ്ഡിനെ മായങ്ക് മുദീലയും ലക്കി പരാശറും ചേർന്നുള്ള തകർപ്പൻ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 105 റൺസ് കൂട്ടിച്ചേർത്തു.

വിജയം ലക്ഷ്യമാക്കി തകർത്തടിച്ച് മുന്നേറിയ ഇരുവരെയും പുറത്താക്കി ആദർശ് രഞ്ജിത്താണ് കളി കേരളത്തിന്റെ വരുതിയിലാക്കിയത്. 39-ാം ഓവറിൽ മായങ്കിനെയും ലക്കിയെയും പുറത്താക്കിയ ആദർശ് തൻ്റെ അടുത്ത ഓവറിൽ വാലറ്റക്കാരായ ആകാശ് കുമാറിനെയും രാഹുൽ സിജ്വാലിയെയും മടക്കി കേരളത്തിന് വിജയം സമ്മാനിച്ചു. മായങ്ക് 62 പന്തുകളിൽ നിന്ന് 82 റൺസെടുത്തപ്പോൾ ലക്കി പരാശർ 31 പന്തുകളിൽ നിന്ന് 49 റൺസെടുത്തു. കേരളത്തിന് വേണ്ടി ആദർശ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ നാല് വിക്കറ്റ് വീഴ്ത്തിയ ഇഷാൻ കുനാലിന്റെ പ്രകടനവും ശ്രദ്ധേയമായി.

മഴ മൂലം 41 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 316 റൺസെടുത്തു

0 Comments

Leave a comment