/uploads/news/news_ടെക്നോപാര്‍ക്ക്_ആസ്ഥാനമായ_ലൈഫോളജിയുടെ_എ...._1781715704_5335.jpg
Technopark

ടെക്നോപാര്‍ക്ക് ആസ്ഥാനമായ ലൈഫോളജിയുടെ എ.ഐ അധിഷ്ഠിത എഡ്യു-പ്രോഗ്രാം യുഎസില്‍ ആരംഭിച്ചു


കാലിഫോര്‍ണിയ - യു.എസ്.എ :: ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൈഫോളജി എഐ പവേര്‍ഡ് കരിയര്‍ ആന്‍ഡ് കോളേജ് റെഡിനസ് പ്രോഗ്രാം യുഎസില്‍ ആരംഭിച്ചു. യുഎസിലെ സിലിക്കണ്‍വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡ് തിയറിയുമായി ചേര്‍ന്നാണ് ലൈഫോളജി എല്‍എല്‍സി എന്ന പുതിയ സംരംഭത്തിന് തുടക്കമിട്ടത്.

ഗിന്നസ് ലോക റെക്കോര്‍ഡ് ജേതാക്കളായ ലൈഫോളജി നിലവില്‍ 22 രാജ്യങ്ങളിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കരിയര്‍, കോളേജ് പ്ലാനിംഗ് രംഗത്ത് സേവനം നല്‍കുന്ന സ്ഥാപനമാണ്.

വിദ്യാര്‍ഥികളെ മികച്ച സര്‍വകലാശാലകളിലേക്ക് പ്രവേശനത്തിന് പ്രാപ്തരാക്കാനും അക്കാദമിക്, കരിയര്‍ അവസരങ്ങളിലേക്ക് തയ്യാറാക്കാനുമാണ് ലൈഫോളജി എല്‍എല്‍സി ലക്ഷ്യമിടുന്നത്.

കാലിഫോര്‍ണിയയിലെ മില്‍പിറ്റാസില്‍ ഇന്ത്യ കമ്മ്യൂണിറ്റി സെന്‍ററില്‍ മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ(മന്‍ക)യുമായി സഹകരിച്ച് സംഘടിപ്പിച്ച കെ-12 വിദ്യാര്‍ഥി ഗവേഷണ സമ്മേളനമായ ഐആര്‍സിസി'26 (ഇന്‍റര്‍നാഷണല്‍ റിസര്‍ച്ച് കോണ്‍ഫറന്‍സ് ഫോര്‍ ചില്‍ഡ്രന്‍) വേദിയില്‍ ആണ് ലൈഫോളജി എല്‍എല്‍സിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ലൈഫോളജി എല്‍എല്‍സി സിഇഒ പ്രവീണ്‍ പരമേശ്വര്‍, സ്ഥാപക എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രദീഷ് തോമസ്, സുസ്മിത തോമസ്, കോളേജ് അഡ്മിഷന്‍ സ്ട്രാറ്റജിസ്റ്റ് ഏവ മരിയ ജെന്‍ചേവ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, എന്നിവരെ പരിപാടി ഒരുമിച്ച് കൊണ്ടുവന്നു.

എട്ടാം ക്ലാസ് മുതല്‍ സ്കൂള്‍ വിദ്യാര്‍ഥികളെ മികച്ച സര്‍വകലാശാലകളില്‍ പ്രവേശനത്തിനായി തയ്യാറാക്കുന്നതിനും അവര്‍ക്ക് അക്കാദമിക്, പ്രൊഫഷണല്‍ കഴിവുകള്‍ നല്‍കുന്നതിലുമാണ് ലൈഫോളജി എല്‍എല്‍സി ശ്രദ്ധവയ്ക്കുന്നത്. ലോകത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെയും വിദ്യാഭ്യാസ, കരിയര്‍ രംഗത്തെ പ്രമുഖരുടെയും സഹായത്തോടെയായിരിക്കും ലൈഫോളജിയുടെ പ്രവര്‍ത്തനം. 2023 ല്‍ യുഎസ് സര്‍ക്കാര്‍ സംഘടിപ്പിച്ച സെലക്ട് യുഎസ് എ ഉച്ചകോടിയാണ് ഈ സംരംഭത്തിന് ലൈഫോളജിക്ക് പ്രചോദനമായത്. അത്യാധുനിക സാങ്കേതികവിദ്യയും അക്കാദമിക്, കരിയര്‍ പ്ലാനിംഗിലെ ആഴത്തിലുള്ള വൈദഗ്ധ്യവും ഇത് സംയോജിപ്പിക്കുന്നു.

വിദ്യാര്‍ഥികളെ അവര്‍ക്ക് ഏറ്റവും അനുയോജ്യമായ കരിയറിലേക്ക് നയിക്കുകയാണ് ലൈഫോളജി എല്‍എല്‍സിയുടെ ലക്ഷ്യമൈന്ന് സിഇഒ പ്രവീണ്‍ പരമേശ്വര്‍ പറഞ്ഞു.

എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസ-കരിയര്‍ അവസരങ്ങള്‍ക്കായി വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിലും ലൈഫോളജി പ്രതിജ്ഞാബദ്ധരാണെന്ന് പ്രദീഷ് തോമസ് പറഞ്ഞു. ലൈഫോളജിയുടെ പാഠ്യ, വിദ്യാഭ്യാസ പദ്ധതികളുടെ ചട്ടക്കൂട് തയ്യാറാക്കുന്നതില്‍ നൊബേല്‍ ജേതാവായ റിച്ചാര്‍ഡ് റോബര്‍ട്ട്സ് ഭാഗമാണ്. ഭാവിയിലേക്കുള്ള വിദ്യാഭ്യാസ ചട്ടക്കൂട് തയ്യാറാക്കുന്നതില്‍ ഹെല്‍സിങ്കി സര്‍വകലാശാലയുമായും സ്ഥാപനം സഹകരിക്കുന്നുണ്ട്.

എട്ടാം ക്ലാസ് മുതല്‍ സ്കൂള്‍ വിദ്യാര്‍ഥികളെ മികച്ച സര്‍വകലാശാലകളില്‍ പ്രവേശനത്തിനായി തയ്യാറാക്കുന്നതിനും അവര്‍ക്ക് അക്കാദമിക്, പ്രൊഫഷണല്‍ കഴിവുകള്‍ നല്‍കുന്നതിലുമാണ് ലൈഫോളജി എല്‍എല്‍സി ശ്രദ്ധവയ്ക്കുന്നത്

0 Comments

Leave a comment