article_വായ്_നാറ്റം,_കാരണങ്ങൾ,_പരിഹാരം_1686471085_3357.jpg
Health

വായ് നാറ്റം, കാരണങ്ങൾ, പരിഹാരം

പല്ലിലും മോണയിലും വായ്ക്കുള്ളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണവസ്തുക്കൾ കാരണമുള്ള ബാക്ടീരിയ, പുകയില ഉൽപ്പന്നങ്ങൾ, പുകവലി, ശരിയായി വൃത്തിയാക്കാത്ത വായ, ദന്തരോഗങ്ങൾ, വായ വരൾച്ച, പ്രമേഹം, കുടൽ രോഗങ്ങൾ, അർശസ്, ചില മരുന്നുകൾ, വായ്ക്കുള്ളിലെ അണുബാധ, ടോൺസിലൈറ്റിസ്, സൈനസൈറ്റിസ് തുടങ്ങിയവയാണ് വായനാറ്റം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ. വർദ്ധിച്ചാൽ ചീഞ്ഞ മുട്ടയുടെ മണം പോലെയാണ് വായനാറ്റം അനുഭവപ്പെടുന്നത്.


*പരിഹാരം*

ശരിയായി പല്ലുതേയ്ക്കുക, ഭക്ഷണാവശിഷ്ടങ്ങൾ മാറ്റി വായ വൃത്തിയാക്കുക, വായ ഈർപ്പമുള്ളതാക്കി സംരക്ഷിക്കുക എന്നിവയാണ് വായനാറ്റം മാറ്റുന്നതിനുള്ള പരിഹാര മാർഗ്ഗങ്ങൾ.


സോഫ്റ്റ് അഥവാ മൃദുവായ ബ്രഷുകൾ പല്ല് തേയ്ക്കുന്നതിന് ഉപയോഗിക്കുക. മൂന്നു മാസമാകുമ്പോഴോ അതിനുമുമ്പു തന്നെ ബ്രഷിന്റെ ബ്രിസിൽസ് വളഞ്ഞു തുടങ്ങുമ്പോഴോ ബ്രഷ് മാറ്റുക. മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് പല്ലു കുത്തുന്നത് നല്ലതല്ല. പ്രത്യേക നൂൽ ഉപയോഗിച്ച്  ഫ്ളോസിംങ് ചെയ്യുകയാണ് വേണ്ടത്. വേപ്പിന്റെ ഇലയുടെ തണ്ട് ഉപയോഗിച്ച് ഭക്ഷണ ശകലങ്ങൾ സൂക്ഷ്മതയോടെ മാറ്റുന്നത് വായ്ക്കുള്ളിൽ ബാധിക്കാനിടയുള്ള അണുബാധയേയുമകറ്റുന്നു. 


ചൂടാക്കി തണുപ്പിച്ച വെള്ളം, കഷായങ്ങൾ, ആട്ടിയ വെളിച്ചെണ്ണ എന്നിവ കവിൾ കൊള്ളുന്നതും, വായ അധികമായി ഉണങ്ങുന്നുണ്ടെങ്കിൽ അതിന്റെ കാരണം കണ്ടെത്തി ചികിത്സിക്കേണ്ടതും  അനിവാര്യമാണ്.


ഗ്യാസ്ട്രോ ഇസോഫാജിയൽ റിഫ്ളക്സ് ഡിസീസ് അഥവാ ജി.ഇ.ആർ.ഡി പോലുള്ള ചില ദഹനപ്രശ്നങ്ങൾ കാരണം ആമാശയത്തിൽ നിന്നും ശരിയായി ദഹിക്കാത്ത ഭക്ഷണവും ആസിഡും ദഹനരസങ്ങളും ഏമ്പക്കത്തിനൊപ്പം പുറം തള്ളുന്നതും വായ്നാറ്റത്തിന് കാരണമാകാറുണ്ട്.


 *ശ്രദ്ധിക്കേണ്ടവ*

ഭക്ഷണം കഴിച്ച ശേഷം വായ ശരിയായി വൃത്തിയാക്കുക. രണ്ടു നേരമെങ്കിലും ബ്രഷ് ഉപയോഗിച്ച് പല്ലുതേയ്ക്കുക. ഭക്ഷണാവശിഷ്ടങ്ങൾ പല്ലിനിടയിൽ നിന്നും മാറ്റുക. കുടുങ്ങിയിരിക്കുന്ന ഭക്ഷണ വസ്തുക്കൾ ഒരുനേരമെങ്കിലും ഫ്ളോസ് ഉപയോഗിച്ചു മാറ്റുക, നാവ് വടിക്കുക, വായ ഉണങ്ങുന്നതിന് അനുവദിക്കാതിരിക്കുക, വെപ്പുപല്ലോ മറ്റ് അനുബന്ധ വസ്തുക്കളോ ശരിയായി വൃത്തിയാക്കുക. 


ഭക്ഷണവും ഭക്ഷണം കഴിക്കുന്ന രീതികളും കൂടുതൽ ശ്രദ്ധിക്കുക. ഉദാ:- കട്ടിയുള്ളതും പല്ലിനിടയിൽ കുടുങ്ങുന്നതുമായ ഭക്ഷ്യവസ്തുക്കൾ.


ദന്താരോഗ്യത്തിന് പ്രാധാന്യം നൽകുക. മോണരോഗവും പ്ളേക്കുകൾ പല്ലിനടിയിൽ അടിയുന്നതും പരിഹരിക്കുക. പല്ലിന് ഇളക്കവും രക്തസ്രാവവും വായ നാറ്റവുമുണ്ടെങ്കിൽ മോണ രോഗത്തിന്റെ ചികിത്സ കൂടി ഉൾപ്പെടുത്തുക. പല്ലിൽ കറ പിടിക്കുന്ന വസ്തുക്കൾ, മരുന്ന്, പുകയില ഉൽപന്നങ്ങൾ എന്നിവ ഒഴിവാക്കുക. എന്നാൽ കറ മാറ്റുന്നതിനു വേണ്ടി ചെയ്യുന്ന സ്വയംചികിത്സകൾ മോണ രോഗത്തിനും കാരണമായേക്കാം.


പല്ല് ക്ലീൻ ചെയ്യുന്നതിനും വെളുപ്പിക്കുന്നതിനുമായി ഡോക്ടറെ ഇടയ്ക്കിടെ നിർബന്ധിക്കേണ്ടതില്ല. പല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമെന്ന് തോന്നുന്നുണ്ടെങ്കിൽ ഡോക്ടർ തന്നെ അത് നിർദ്ദേശിക്കുന്നതാണ്.


 *ചുരുക്കത്തിൽ* വായനാറ്റം മാനസിക സമ്മർദ്ധമുണ്ടാക്കുകയും, മറ്റുള്ളവരെ സമീപിക്കുന്ന സാഹചര്യങ്ങളിൽ അപകർഷതാ ബോധം കൂട്ടുകയും ചെയ്യുന്നതാണ്. എന്നാൽ വളരെ വേഗത്തിൽ ചികിത്സിച്ചു ഭേദമാക്കുവാനും സാധിക്കുന്ന അവസ്ഥയാണ് വായനാറ്റം. ഇതിന് കാരണമായ രോഗങ്ങളെ കൂടി പരിഗണിച്ച് ചെയ്യുന്ന ആയുർവേദ ചികിത്സകൾ ഫലപ്രദമാണ്. 

ഡോ. ഷർമദ് ഖാൻ, ഫോൺ: 94479 63481

വായനാറ്റം മാനസിക സമ്മർദ്ധമുണ്ടാക്കുകയും, മറ്റുള്ളവരെ സമീപിക്കുന്ന സാഹചര്യങ്ങളിൽ അപകർഷതാ ബോധം കൂട്ടുകയും ചെയ്യുന്നതാണ്. എന്നാൽ വളരെ വേഗത്തിൽ ചികിത്സിച്ചു ഭേദമാക്കുവാനും സാധിക്കുന്ന അവസ്ഥയാണ് വായനാറ്റം

0 Comments

Leave a comment