എന്തിനുമേതിനും മരുന്നിനെ ആശ്രയിക്കുന്നവരാണ് മലയാളികൾ എന്ന പേരുദോഷം കിട്ടിയിട്ടുള്ളവരാണ് നമ്മൾ. മറ്റു സംസ്ഥാനക്കാരെ ആശ്രയിച്ചു നോക്കുമ്പോൾ അത് ശരിയാണെന്ന് തന്നെ സമ്മതിക്കേണ്ടിയും വരും.
എന്നാൽ രോഗത്തിന്റെ തുടക്കത്തിൽ തന്നെ ശരിയായ രീതിയിൽ മരുന്നുപയോഗിക്കുവാൻ ശ്രദ്ധിക്കുന്നവരുടെ എണ്ണവും കുറവാണെന്നതാണ് യാഥാർത്ഥ്യം. പലപ്പോഴും മറ്റെന്തെങ്കിലും കാരണവശാൽ ചില രോഗനിർണ്ണയ ഉപാധികൾക്ക് വിധേയമാകുമ്പോൾ മാത്രമാണ് പലരിലും പുതിയ രോഗങ്ങൾ കണ്ടുപിടിക്കുന്നത്. രോഗമെന്തെന്ന് അറിഞ്ഞാലും കൃത്യതയോടെ ചികിത്സിക്കാത്തവരും, അല്പമൊരു ശമനമുണ്ടെന്നറിയുമ്പോൾ ചികിത്സ പൂർണ്ണമായും നിർത്തുന്നവരും, പിന്നീട് വർഷങ്ങളോളം അത്തരം ചിന്തയിൽ നിന്ന് പോലും രോഗാവസ്ഥയെ ഒഴിവാക്കുന്നവരും കൂടുതൽ അപകടത്തെ ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്.
ചില ലക്ഷണങ്ങൾ കൊണ്ട് തന്നെ മറ്റ് രോഗങ്ങളേയും മനസ്സിലാക്കേണ്ടി വരും. ഉദാഹരണത്തിന് ത്വക്കിലുണ്ടാകുന്ന ചൊറിച്ചിലും നിറവ്യത്യാസവും കുരുക്കളും ത്വക്കിനെ ആശ്രയിച്ചുള്ള രോഗമോ, അലർജി രോഗമോ, കരൾ രോഗത്തിന്റേയോ പ്രമേഹത്തിന്റേയോ ലക്ഷണമോ ആകാം. അമിതമായ തളർച്ച കൊളസ്ട്രോൾ കാരണമോ, രക്തത്തിൽ ഹീമോഗ്ലോബിൻ കുറഞ്ഞു കാണുന്ന വിളർച്ച രോഗം കൊണ്ടോ, പ്രമേഹം കൊണ്ടോ ഫാറ്റിലിവർ കാരണമോ ആകാം.
ഉറക്കത്തിലെ വ്യത്യാസങ്ങളും, എവിടെയെങ്കിലുമൊന്ന് ഇരുന്നാൽ ഉറങ്ങിപ്പോകുന്നതുമെല്ലാം ഉയർന്ന രക്ത സമ്മർദ്ദം, പ്രമേഹം, വിളർച്ച, ഹൈപ്പോ ടെൻഷൻ, മൂത്രത്തിലെ അണുബാധ തുടങ്ങിയവയിൽ ഏതു കാരണം കൊണ്ടാണെന്ന് തിരിച്ചറിയേണ്ടി വരും.
ലക്ഷണങ്ങൾ സേർച്ച് ചെയ്ത് ഓൺലൈനിൽ രോഗം നിർണ്ണയിച്ച്, ഓൺലൈനിൽ തന്നെ മരുന്നും വാങ്ങിക്കഴിച്ച് സ്വയം ചികിത്സകരാകുന്നവരും കുറവല്ലെന്നറിയാമല്ലോ? കൂടാതെ വാട്സ്ആപ്പ് വൈദ്യം പരീക്ഷിച്ച് രോഗ ചികിത്സയെ വിലയിരുത്തുന്നവരും അനാവശ്യ ചികിത്സയുടെ പുറകേ പോകുന്നവരുമുണ്ട്.
രോഗിക്കുള്ള ലക്ഷണങ്ങൾ ഏത് രോഗത്തിന്റെ സാന്നിദ്ധ്യവുമായാണ് ബന്ധപ്പെടുത്തേണ്ടതെന്ന് തീരുമാനിക്കുവാൻ ഒരു വിദഗ്ദ്ധനായ ഡോക്ടർക്ക് മാത്രമേ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ ചുമയ്ക്കുള്ള കാരണമന്വേഷിക്കാതെ മരുന്ന് കഴിച്ചാൽ ചുമ വർദ്ധിക്കുവാനും, ഒരുപക്ഷേ പ്രമേഹം കാരണമുണ്ടായ ചുമയായിരുന്നു അതെങ്കിൽ, അത് മനസ്സിലാക്കാതെ ഉപയോഗിച്ച മരുന്ന് കാരണം പ്രമേഹവും വർദ്ധിക്കുവാനും ഇടയാക്കും.
ജലദോഷം, പനി, ശരീര വേദന, തല വേദന തുടങ്ങിയ പല ലക്ഷണങ്ങളും ജലദോഷപ്പനി, പകർച്ചപ്പനി, ഡെങ്കിപ്പനി, കൊറോണ തുടങ്ങിയവയിൽ ഏത് വേണമെങ്കിലും ആകാമല്ലോ? പനിയുടെ പുറകേ മാത്രം അന്വേഷണം വ്യാപിപ്പിക്കുന്നവർ ജലദോഷത്തിനാണോ കോവിഡിനാണോ ചികിത്സിക്കേണ്ടതെന്ന് സംശയത്തിലാകും. അത്രമാത്രം ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങൾ വളരെ നിസ്സാരമായിട്ടാണ് പലരും മനസ്സിലാക്കുകയും ചികിത്സയിലേക്ക് പോകുകയും ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് "പനിയ്ക്ക് പനിഗുളിക"എന്ന രീതി ശരിയല്ലെന്ന് മനസ്സിലാക്കണമെന്ന് ആവർത്തിച്ച് പറയേണ്ടി വരുന്നത്.
ഇവയിൽ ഏത് പനിയായാലും പനിഗുളിക കഴിച്ചാൽ സ്വാഭാവികമായും പനി ഒന്ന് ശമിച്ചെന്നിരിക്കും. എന്നാൽ രോഗം ശമിക്കണമെന്നില്ല. അതുപോലെ പ്രമേഹവും പ്രഷറും ഉണ്ടെന്ന് മനസ്സിലാക്കുന്നവർ മരുന്ന് കഴിച്ച് അവ കുറഞ്ഞു വരുമ്പോൾ നോർമൽ റീഡിങ് കണ്ടതു കാരണം മരുന്ന് നിർത്താറുണ്ട്. അത്തരക്കാർ നേരത്തെ മരുന്ന് കഴിച്ചത് കൊണ്ടാണ് നോർമലായതെന്ന് മനസ്സിലാക്കുക. ഡോക്ടർ നിർദേശിക്കുന്ന ഇടവേളയിൽ തന്നെ വീണ്ടും പരിശോധന നടത്തി രോഗത്തിന്റെ സ്ഥിതി വിലയിരുത്തുക.
പെട്ടെന്ന് രോഗം കുറയ്ക്കുന്നതിനായി മരുന്നിനെ ആശ്രയിക്കേണ്ടിവരുന്നവരാണെങ്കിലും എത്രയും വേഗം ഭക്ഷണം, വ്യായാമം, കൃത്യനിഷ്ഠ തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകി മരുന്നിന്റെ ഉപയോഗം കുറയ്ക്കുവാൻ കൂടി ശ്രമിക്കേണ്ടതാണ്.
(ലേഖകൻ: ഡോ. ഷർമദ് ഖാൻ, സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവ്വേദ ഡിസ്പെൻസറി, നേമം. ഫോൺ: 94479 63481).
ചികിത്സയിലെ അപകടങ്ങൾ; ഡോ. ഷർമദ് ഖാൻ





0 Comments